
സംശയമെന്ത്? നമ്മുടെ ജീവിതത്തിലെ ചില വിജയങ്ങളൊക്കെ നാവിന്റെ ഉപയോഗമോ ദുരുപയോഗമോ ആയിക്കൂടി ബന്ധപ്പെട്ടാണിരിക്കുന്നത്. സംസാരിച്ചതുകൊണ്ടോ സംസാരിക്കാതിരുന്നതുകൊണ്ടോ സംസാരിച്ച രീതി ശരിയാകാതിരുന്നതുകൊണ്ടോ പലപ്പോഴും ജീവിതത്തില്‍ നമ്മള്‍ വിജയങ്ങള്‍ക്ക് പിന്നിലാവുകയോ പരാജയപ്പെടുകയോ ചെയ്‌തുകൊണ്ടിരിക്കുന്നു. വാക്ക് അളന്നു തൂക്കി ഉപയോഗിക്കുക. വായ്‌ക്ക് വാതിലും പൂട്ടും നിര്‍മ്മിക്കുക എന്നാണ് ബൈബിള്‍ നമ്മളോട് ആഹ്വാനം ചെയ്യുന്നത്. കാരണം വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സമ്പാദ്യങ്ങളാണ്.
നാവില്‍ അഗ്നിയുമുണ്ട്. അഗ്നിയുടെ ഉപയോഗം രണ്ടുതരത്തിലാണെന്ന് നമുക്കറിയാം. അത് ജീവനേകാന്‍ ഉപകരിക്കുന്നു. അതോടൊപ്പം അത് നശിപ്പിക്കാനും ഇടയാകുന്നു. ഒരു വ്യക്തിയെ നാം സ്‌നേഹിക്കുന്നത് അയാളുടെ സംസാരം കൊണ്ടുകൂടിയാണ്. അയാളുടെ വാക്കുകളുടെ പ്രയോഗസിദ്ധി കൊണ്ടുകൂടിയാണ്. ഏതുകാര്യത്തിന് ചെന്നാലും എപ്പോള്‍ സമീപിച്ചാലും പൊട്ടിത്തെറിക്കുന്ന ഒരു വ്യക്തിയെ സ്‌നേഹിക്കാന്‍ എത്ര പേര്‍ക്ക് സാധിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്.
ഒരാളുടെ വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് അയാളുടെ സംസാരം.. സിംഹത്തെപ്പോലെ ചീറി വരുന്ന ഒരാളോട് സൗഹൃദം സ്ഥാപിക്കാന്‍ അധികമാര്‍ക്കും കഴിയില്ല. ചിലരോടൊക്കെ സംസാരിച്ചുപോയല്ലോ എന്ന് പിന്നീട് നമ്മള്‍ പലവട്ടം മനസ്‌തപിച്ചുപോയിട്ടില്ലേ? എന്താണ് കാരണം? ആ സംസാരം അത്രമേല്‍ നമുക്ക് മുറിവുകളുണ്ടാക്കി എന്നുതന്നെ. കീഴുദ്യോഗസ്ഥരോട് തട്ടിക്കയറുന്നതും ഭത്സിക്കുന്നതുമാണ് മേലധികാരിയുടെ പ്രധാനമായ കടമയെന്ന് വിശ്വസിക്കുന്ന ഒരുപിടി മേലധികാരികളെങ്കിലും ഇന്ന് നമുക്ക് ചുറ്റിലുമുണ്ട്.
ഓട്ടിസം ബാധിച്ച കുട്ടികളെ അടുത്തയിടെ സന്ദര്‍ശിച്ചതിന് ശേഷം നടന്‍ കുഞ്ചാക്കോ ബോബന്‍ പ റഞ്ഞ ഒരു അഭിപ്രായപ്രകടനം ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നു. നമ്മള്‍ കുട്ടികളെ ബഹളം വച്ചതിന്റെയും മറ്റും പേരില്‍ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ശബ്‌ദിക്കാനോ ഓടിക്കളിക്കാനോ ഒന്നും ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ഈ കുഞ്ഞുങ്ങളെ കാണുമ്പോഴാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ദൈവം നല്‌കിയിരിക്കുന്ന മഹാദാനത്തിന്റെ വില നമുക്ക് മനസ്സിലാവുകയുള്ളൂവെന്ന്. അതുപോലെ തന്നെയാണ് സംസാരത്തിലൂടെ നാം അനേകരെ മുറിപ്പെടുത്തുമ്പോള്‍ സംഭവിക്കുന്നതും. സംസാരിക്കാന്‍ സാധിക്കാത്ത എത്രയോ വ്യക്തികളുണ്ട് നമ്മുടെ ഈ സമൂഹത്തില്‍. പക്ഷേ സംസാരശേഷിയുള്ളവരായ നാം അതിന്റെ വില മനസ്സിലാക്കാതെ പോകുന്നതും അനേകരെ സംസാരത്തിലൂടെ മുറിപ്പെടുത്തുന്നതും എത്രയോ ഖേദകരമാണ്! അടുത്തകാലത്തിറങ്ങിയ ഒരു സിനിമയുടെ ശീര്‍ഷകം തന്നെ സംസാരം ആരോഗ്യത്തിന് ഹാനികരം എന്നാണ്. അധികം സംസാരിക്കുന്ന നായകനും സംസാരമേ കുറവുള്ള നായികയും. അവരാണ് ഇതിലെ കഥാപാത്രങ്ങള്‍.
നുണ പറയുന്ന നാവ്, പൊങ്ങച്ചം പറയുന്ന നാവ്, കൗശലം പ്രയോഗിക്കുന്ന നാവ് ക്ഷമയില്ലാത്ത സഹിഷ്‌ണുതയില്ലാത്ത നാവ്, അന്തച്ഛിദ്രമുണ്ടാക്കുന്ന നാവ്. വാഗ്വാദങ്ങളിലേര്‍പ്പെടുന്ന നാവ്, ആത്മപ്രശംസ ചെയ്യുന്ന നാവ് അപകര്‍ഷതാബോധം പ്രകടിപ്പിക്കുന്ന നാവ്, കുറ്റം പറയുന്ന നാവ്, ഊഹം പറയുന്ന നാവ് ,സംസാരിപ്പിക്കാനോ സംസാരം പൂര്‍ത്തിയാക്കാനോ സമ്മതിക്കാത്ത നാവ്, ഒറ്റുകൊടൂക്കുന്ന നാവ്, മറ്റുള്ളവരെ നിസ്സാരരാക്കുന്ന നാവ്, നിന്ദാവചനങ്ങള്‍ പറയുന്ന നാവ്, താന്‍ കേമനാണെന്ന് ഭാവിക്കുന്ന നാവ്, കഠിനമായ നാവ്, നയമില്ലാത്ത നാവ്, ഭീഷണിയുടെ സ്വരമുയര്‍ത്തുന്ന നാവ്, വിധി വാചകങ്ങള്‍ ഉച്ചരിക്കുന്ന നാവ്, സ്വാര്‍ത്ഥത നിറഞ്ഞ നാവ്, ശാപോക്തികള്‍ ഉരുവിടുന്ന നാവ്, സംശയപ്രകൃതിയായ നാവ്, പ്രതികാരവാക്കുകള്‍ പറയുന്ന നാവ്. കുറ്റപ്പെടുത്തുന്ന നാവ്, മറ്റുള്ളവരെ വളര്‍ത്താത്ത നാവ്, വായാടിയായ നാവ്, വിവേകമില്ലാത്ത നാവ്, പരാതിപ്പെടുന്ന നാവ്, നിശ്ശബ്‌ദമായ നാവ് എന്നിങ്ങനെ വിവിധതരം നാവുകളുളളതായി ദബോറോ സ്‌മിത്ത് പെഗ്യൂസ് എന്ന എഴുത്തുകാരി അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇതില്‍ ഏതുതരം നാവാണ് നമ്മുടേത് എന്ന് ആത്മശോധന നടത്തേണ്ടിയിരിക്കുന്നു. ഒരു പക്ഷേ നമ്മുടേത് ഏതു തരം നാവായിരിക്കും എന്ന് നമുക്ക് തന്നെ മനസ്സിലാക്കണമെന്നില്ല. വായ് നാറ്റത്തിന്റെ കാര്യം പറയുന്നതുപോലെയാണത്. വഹിക്കുന്നവനല്ല സഹിക്കുന്നവനേ അത് മനസ്സിലാകൂ. എത്ര പേരാണ് നമ്മുടെ നാവിന്റെ ദുരുപയോഗത്തിന് ഇരകളായിട്ടുള്ളത് എന്ന് വെറുതെയൊന്ന് ആലോചിച്ചു നോക്കൂ. കൂടുതല്‍ നന്നായി സംസാരിക്കാന്‍ കഴിയുമായിരുന്ന എത്രയോ അവസരങ്ങളാണ് നമ്മള്‍ പാഴാക്കിക്കളഞ്ഞിരിക്കുന്നത്? നാവിനെ നന്നായി ഉപയോഗിച്ചാല്‍ നമ്മുടെ വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. സാമൂഹ്യബന്ധങ്ങള്‍ മെച്ചപ്പെടും. വ്യക്തിപരമായി നമ്മുടെ ജീവിതം തന്നെ ഉയരങ്ങളിലെത്തും. നിങ്ങളുടെ സംസാരം എപ്പോഴും വിനീതവും കരുണാമസൃണവും ആയിരിക്കട്ടെ എന്ന ബൈബിള്‍ വചനം നമ്മുടെ അധരങ്ങളില്‍ എപ്പോഴുമുണ്ടായിരിക്കട്ടെ.
Back to News
No comments:
Post a Comment
Dear readers Please Comment your thoughts about this post.
Admin.